വിദേശ വിനോദ സഞ്ചാരികളുടെ പറുദീസയായി ദുബായ്. 2023 വർഷത്തിലെ ആദ്യ പകുതി പിന്നിട്ടപ്പോൾ ദുബായിയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 85.5 ലക്ഷം പിന്നിട്ടു. കോവിഡിന് മുൻപ് ദുബായിയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇത്തവണ ദുബായ് കാണാനെത്തിയ സഞ്ചാരികളുടെ എണ്ണം. വിനോദ സഞ്ചാര മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് 2023 ലെ ആദ്യ പകുതിയിലെ കണക്കുകൾ കാണിക്കുന്നത്.
ഈ വർഷം ആദ്യ പകുതിയിൽ തന്നെ ദുബായ് എമിറേറ്റിലെ ഹോട്ടലുകളിലെ ബുക്കിങ് നിരക്ക് 78% ആയിരുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിരക്കാണ്. കോവിഡിന് ശേഷം ദുബായ് അതിവേഗം തിരികെ വരുന്നതിന്റെ ഉദാഹരണമാണിതെന്നും ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന വിനോദ സഞ്ചാര നഗരമാക്കി ദുബായിയെ മാറ്റാനുള്ള ലക്ഷ്യത്തിനു മികച്ച മുന്നേറ്റമാണ് ഇതെന്നും ടൂറിസം വകുപ്പ് പറഞ്ഞു.
വിനോദ സഞ്ചാര മേഖലയ്ക്ക് പുറമേ സാമ്പത്തിക മേഖലയിലും ദുബായ് മുന്നേറ്റം നടത്തുകയാണ്. ലോക സാമ്പത്തിക രംഗത്തെ ഏറ്റവും മികച്ച കേന്ദ്രമായി ദുബായ് മാറുന്നു എന്ന ശുഭ സൂചനയായാണ് ദുബൈയുടെ സാമ്പത്തിക മേഖലയിലെ കണക്കുകൾ സൂചിയോപ്പിക്കുന്നതെന്നും അധികാരികൾ പറഞ്ഞു.
സാധാരണ ഗതിയിൽ ശൈത്യകാലത്താണ് ദുബൈയിൽ ഒട്ടേറെ വിനോദ സഞ്ചാരികളെത്താറുള്ളത്. എന്നാൽ ശൈത്യ കാലത്തിനു മുൻപ് തന്നെ ദുബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നുവെങ്കിൽ വരും മാസങ്ങളിൽ ദുബൈയിലെത്തുന്നവരുടെ എണ്ണം പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കുമെന്നാണ് സൂചന.