കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഔദ്യോഗിക വിവരം കോണ്‍ഗ്രസ് തന്നെ അറിയിക്കുമെന്നും സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി കേന്ദ്രങ്ങളില്‍ നിന്നു വരുന്ന ഒന്നും വിശ്വസിക്കരുത്. ഓരോ കന്നഡിഗരോടും കോണ്‍ഗ്രസ് കടപ്പെട്ടിരിക്കുന്നു. പുതിയ കാബിനറ്റിന്റെ ആദ്യ മീറ്റിംഗില്‍ തന്നെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കും. 72 മണിക്കൂറിനുള്ളില്‍ എല്ലാം തീരുമാനമാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ശക്തമായ ഒരു സര്‍ക്കാര്‍ ആയിരിക്കും നിലവില്‍ വരികയെന്നും സുര്‍ജേവാല പറഞ്ഞു.
‘ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. ഔദ്യോഗികമായ വിവരം ഞങ്ങള്‍ തന്നെ പറയും. ഇന്നോ നാളെയോ ആയി അറിയിക്കും. തെറ്റായ വിവരങ്ങള്‍ പറയരുത്, തെറ്റായ വാര്‍ത്തകള്‍ കൊടുക്കരുത്. ബിജെപി പടച്ചു വിടുന്ന കാര്യങ്ങള്‍ വിശ്വസിക്കരുത്. ഓരോ കന്നഡിഗരോടും കോണ്‍ഗ്രസ് കടപ്പെട്ടിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ പുതിയ കാബിനറ്റ് നിലവില്‍ വരും. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ അഞ്ച് ഉറപ്പുകള്‍ നടപ്പാക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ശക്തമായ ഒരു സര്‍ക്കാര്‍ ആയിരിക്കും കര്‍ണാടകയില്‍ നിലവില്‍ വരിക,’സുര്‍ജേവാല പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളില്‍ അടക്കം യാഥാര്‍ത്ഥ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും സത്യപ്രതിജ്ഞ നാളെ ബെംഗളൂരുവില്‍ നടക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഡി.കെ ശിവകുമാര്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി പദം പങ്കിടുന്നതിനോട് നേരത്തെ ഡി.കെ ശിവകുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവും പങ്കിടില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താമെന്നാണ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഡി.കെ ശിവകുമാര്‍ ഇതിനോട് അനുകൂലമായല്ലപ്രതികരിച്ചത്. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.