ദില്ലി: മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് ഇന്ത്യ വിടുന്ന പൗരൻമാരുടെ എണ്ണത്തിൽ വൻവർധന. 2018 ജൂൺ മുതൽ 2023 ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് 8.4 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് കുടിയേറിയത്. ഏറ്റവും കൂടുതൽ പേർ കുടിയേറിയത് അമേരിക്കയിലേക്കാണ്. കാനഡയാണ് ഇന്ത്യക്കാരുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം. ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിലേക്കും ഇന്ത്യക്കാരുടെ കുടിയേറ്റം ശക്തമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായത് സമീപകാലത്ത് അവിടേക്ക് കുടിയേറിയവരുടേയും അങ്ങോട്ട് പോകാൻ ശ്രമിക്കുന്നവരുടെയും ആധി വർധിപ്പിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ പൗരത്വം ലഭിച്ചവർക്ക് നിലവിൽ ഇന്ത്യയിലേക്ക് തിരികെ വരാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. നയതന്ത്രബന്ധം വഷളായതോടെ ഇന്ത്യ കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിർത്തിയതാണ് ഇതിനു കാരണം. 2018 മുതലുള്ള കണക്കെടുത്താൽ 1.6 ലക്ഷം ഇന്ത്യക്കാരാണ് ഇവിടുത്തെ പൗരത്വം ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കേറിയത്.

അഞ്ച് വർഷത്തിനിടെ 114 രാജ്യങ്ങളിലേക്കായിട്ടാണ് 8.4 ലക്ഷം ഇന്ത്യക്കാർ കുടിയേറിയത്. ഇതിൽ 58 ശതമാനം പേരും സ്വീകരിച്ചത് യുഎസ്എ – കാനഡ എന്നീ രാജ്യങ്ങളുടെ പൗരത്വമാണ്. കൊവിഡ് വ്യാപനം രൂക്ഷമായ 2020 ഒഴിച്ചു നിർത്തിയാൽ ഒരോ വർഷവും വിദേശപൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്ന ട്രെൻഡാണ് കാണുന്നത്. 2018-ൽ 1.3 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചെങ്കിൽ 2022-ൽ അത് 2.2 ലക്ഷമായി ഉയർന്നു. 2023-ലെ ആദ്യത്തെ ആറ് മാസത്തിൽ 87000 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം വിദേശികൾക്ക് പൗരത്വം നൽകാൻ കാനഡ നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് വൻതോതിൽ ഇന്ത്യക്കാർ അങ്ങോട്ട് കുടിയേറാൻ കാരണം. ഈ വർഷം ഇതുവരെ 1.16 ലക്ഷം വിദേശികൾക്ക് കാനഡ പൗരത്വം നൽകിയിട്ടുണ്ട്. ഇന്ത്യക്കാർ വൻതോതിൽ കാനഡയിലേക്ക് കൂടുമാറുകയും അവിടുത്തെ പ്രധാന ജനവിഭാഗമായി വളരുകയും ചെയ്യുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം കൂടുതൽ വഷളാക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കില്ലെന്ന് ചില വിദേശകാര്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
