‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് റാണാ ദഗുബാട്ടി. വലതു കണ്ണിന് കാഴ്ച ഇല്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാണാ ദഗുബാട്ടി. വലതു കണ്ണിന് കാഴ്ചയില്ലെന്ന് അഞ്ച് വർഷം മുൻപാണ് താരം വെളിപ്പെടുത്തിയത്.
അന്ന് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ. “ശാരീരികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകള്‍ നിലനില്ക്കും. ഞാൻ കണ്ണും വൃക്കയും മാറ്റിവെച്ചു. എനിക്ക് മുന്നോട്ട് പോയേ മതിയാകൂ” – റാണാ ദഗുബാട്ടി പറയുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലം റാണ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രോഗ വിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല.