ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ എന്ന സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കുഞ്ചമണ്‍ കുടുംബം. കുഞ്ചമണ്‍ കുടുംബാംഗം പി.എം.ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ‘ഭ്രമയുഗം’ സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും അതിനാല്‍ ചിത്രത്തിനനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയിട്ടുണ്ട്.
രാഹുല്‍ സദാശിവന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം കുഞ്ചമണ്‍ പോറ്റിയുമായി ബന്ധമുള്ളതാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംവിധായകന് ഭ്രമയുഗം എന്ന സിനിമ പൂര്‍ണ്ണമായും സാങ്കല്പികമാണെന്നും കുഞ്ചമണ്‍ പോറ്റിയുമായി ചിത്രത്തിനോ കഥാപാത്രങ്ങള്‍ക്കോ ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.
2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയോടൊപ്പം അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കടത്ത്, സൗണ്ട് മിക്സ്: എം ആര് രാജകൃഷ്ണന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി.