കന്നട നടന് യഷിനെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ്2ന് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന യഷിന്റെ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ യഷിനൊപ്പം ബോളിവുഡ് നടി കരീന കപൂറും ഉണ്ടാകുമെന്നാണ് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
2025 ഏപ്രില്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. യഷിന്റെ 19-ാമത്തെ ചിത്രം കൂടിയാണിത്. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണപ്പ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ പ്രഖ്യാപനവുമായി പുറത്ത് വന്ന വീഡിയോയില്‍ കൗ ബോയ് ലുക്കിലാണ് യഷ് എത്തിയത്. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.