പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയാണ്.
മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയായും അറിയപ്പെട്ടു. മതവിലക്കുകളെ മറികടന്ന് സ്റ്റേജില്‍ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലീം വനിതയാണ് ഇവര്‍.
ആലപ്പുഴ സക്കറിയ ബസാറില്‍ സൈന്‍ യൂസഫ് യമാന-മറിയം ബീവി ദമ്പതികളുടെ പത്ത് മക്കളില്‍ ഏറ്റവും ഇളയ മകളായി 1946 നവംബര്‍ മൂന്നിനാണ് ജനിച്ചത്.
ഏഴാം വയസുമുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയായിരുന്നു തുടക്കം. ട്രൂപ്പിലെ പി അബ്ദുസലാം മാഷുമായി 18 ാംവയസില്‍ വിവാഹം. തുടര്‍ന്ന് പല വേദികളിലും ഒറ്റയ്ക്കും ഒരുമിച്ചും കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു. ഇസ്ലാമിക കഥകള്‍ക്ക് പുറമെ, കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചു.
കഥാപ്രസംഗങ്ങള്‍ കല്യാണ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റു വേദികളിലും അവതരിപ്പിച്ചു. ഭര്‍ത്താവുമൊന്നിച്ച് സിംഗപൂരില്‍ കഥാപ്രസംഗം നടത്തിയതാണ് വിദേശത്തെ ആദ്യത്തെ വേദി. തുടര്‍ന്ന് നിരവധി വിദേശ രാജ്യങ്ങളിലും കഥാപ്രസംഗം അവതരിപ്പിച്ചു.
യേശുദാസ്, എരഞ്ഞോളി മൂസ തുടങ്ങിയവരുടെ ട്രൂപ്പുകളിലും പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരക അവാര്‍ഡ്, ഫോക്ലോര് അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി.