വിസ്താരത്തിനിടെ പ്രകോപിതനായ വ്യക്തി കോടതിക്കുള്ളിൽ ബഹളം വെക്കുകയും പുറത്തിറങ്ങി ജഡ്ജിയുടെ കാർ തല്ലിത്തകർക്കുകയും ചെയ്തു.ജഡ്ജി ജി.ആർ ബിൽകുലിന്റെ കാറാണ് തല്ലിത്തകർത്തത്. മംഗലാപുരം സ്വദേശി ഇ പി ജയപ്രകാശ് (53 ) ആണ് പ്രതി.തിരുവല്ല കുടുംബകോടതി വളപ്പിലാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജഡ്ജി വിശദീകരിക്കുന്നതിനിടെ പലതവണ ഇയാൾ പ്രകോപിതനായതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പിന്നീട് കോടതിയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ പോയി മൺവെട്ടി വാങ്ങി വന്ന് ജഡ്ജിയുടെ കാർ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു.
നേരത്തെ പത്തനംതിട്ട കുടുംബകോടതിയിലായിരുന്നു ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈ കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷം ഫെബ്രുവരി 21 ന് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റുകയായിരുന്നു. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി. മുൻ മർച്ചന്റ് നേവി ഓഫീസർ കൂടിയായ ഇദ്ദേഹത്തിന്റെ പേരിൽ വിവാഹ മോചനം, ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകൽ തുടങ്ങിയ കേസുകളാണുള്ളത്