തിരുവനന്തപുരം: ബിജെപി അംഗത്വം ഉപേക്ഷിക്കുമ്പോൾ ബാക്കിയായത് നഷ്ടങ്ങൾ മാത്രമെന്ന് സംവിധായകൻ രാജസേനൻ. ബിജെപി വിട്ട് സിപിഎമ്മിൽ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കണ്ടിട്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ആ പ്രത്യയ ശാസ്ത്രത്തോട് താത്പര്യമുണ്ടായിരുന്നുവെന്നതും സത്യമാണ്. പക്ഷേ കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ബിജെപിക്ക് എവിടെയൊക്കെയോ വലിയ പാളിച്ചകൾ സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും രാജസേനൻ പറയുന്നു.
ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിൽ പാളിച്ചകളുണ്ട്. 2016-ൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചപ്പോൾ കൈയ്യിൽ നിന്നും കാശ് പോകുന്ന അവസ്ഥയുണ്ടായി. ഇങ്ങനെ പൈസ കൊടുക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കെല്ലാം എ ക്ലാസ്, ബി ക്ലാസ് എന്ന് തിരിച്ചാണ് നേതാക്കൻമാർ പൈസ കൊടുക്കുന്നത്. ഞങ്ങളെ പോലെയുള്ള കലാകാരൻമാരെ ബി ക്ലാസ്സിലാണ് ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ കുറഞ്ഞ തുകയാണ് പ്രചരണത്തിനും കിട്ടിയത്. ഒരുപാട് കാര്യങ്ങൾ കൈയിൽ നിന്നും പൈസ മുടക്കി ചെയ്യേണ്ടി വന്നു.
ബിജെപിയിലേക്ക് പോയപ്പോൾ സിനിമയിലെ സുഹൃത്തുകളെല്ലാം വല്ലാതെ അകന്നു. കാണുമ്പോൾ ചിരിക്കുന്നവർ കൂടി പിന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന അവസ്ഥയായിരുന്നുവെന്നും രാജസേനൻ പറയുന്നു.