ചലച്ചിത്ര രംഗത്ത് അവാർഡുകൾ ലഭിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ നടനാണ് ബോളിവുഡ് താരം നസീറുദ്ധീൻ ഷാഹ്. എന്നാൽ അവാർഡുകൾക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അവാർഡുകളിൽ തനിക്ക് അഭിമാനമൊന്നുമില്ലെന്നും ഒരു ഫാം ഹൗസ് പണിതപ്പോൾ ശുചിമുറിയുടെ വാതിലിന്റെ പിടിയായി വച്ചത് അവാർഡ് ശില്പമാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“അവാർഡുകളിൽ അഭിമാനമൊന്നുമില്ല.അവസാനം ലഭിച്ച രണ്ട് അവാർഡുകൾ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. ഒരു ഫാം ഹൗസ് പണിതപ്പോൾ അവാർഡുകൾ അവിടെ കൊണ്ട് വച്ചിരുന്നു. അവിടെ ശുചിമുറിയിൽ വന്ന് പോകുന്നവർക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. കാരണം, അവിടെ ശുചിമുറിയുടെ വാതിലിന്റെ കൈപ്പിടിയായി വച്ചത് ഫിലിം ഫെയർ അവാർഡ് ശില്പമാണ്”- നസീറുദ്ധീൻ ഷാഹ് പറഞ്ഞു.
ലാലൻ ടോപ്പിനു നൽകിയ അഭിമുഖത്തിലാണ് നസീറുദ്ധീൻ ഷാഹ് വിവാദ പ്രസ്താവനയുമായെത്തിയത്. ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിക്കുന്ന ഏതൊരു നടനും മികച്ച നടനാണെന്നും അല്ലാതെ ഒരു നറുക്കെടുപ്പിലൂടെ ഒരാളെ തെരഞ്ഞെടുത്ത് ‘ഇയാളാണ് ഈ വർഷത്തെ മികച്ച നടൻ’ എന്ന് പറഞ്ഞാൽ എങ്ങനെ ന്യായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ കരിയറിന്റെ തുടക്ക കാലത്ത് സന്തോഷിച്ചിരുന്നു. എന്നാൽ പിന്നീട് അവാർഡുകൾ നിറയുന്ന കാഴ്ചയാണ് കണ്ടത്. ഇതൊക്കെ ഒരു ലോബിയിങ്ങിന്റെ ഫലമാണെന്ന് അപ്പോഴാണ് മനസ്സിലായതെന്നും നസീറുദ്ധീൻ ഷാഹ് പറഞ്ഞു. പദ്മശ്രീയും പദ്മ ഭൂഷണും ലഭിച്ചപ്പോൾ പോലും തന്റെ അച്ഛൻ തന്നെ വിമർശിച്ചതായും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ഈ ജോലിയാണ് നീ ചെയ്യുന്നതെങ്കിൽ നീയൊരു വിഡ്ഢിയായി തീരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി.