കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൻ്റെ ഏകോപന ചുമതല രാഹുൽ മാങ്കൂട്ടത്തിലിനെ ഏൽപിച്ച് കെപിസിസി. നേരത്തെ വിപി സജീന്ദ്രനായിരുന്നു മണ്ഡലത്തിലെ പ്രചരണത്തിൻ്റെ ഏകോപന ചുമതല ഏൽപിച്ചത്.
അദ്ദേഹത്തിന് മറ്റു ചില ചുമതലകൾ നൽകേണ്ടിയിരുന്നതിനാലാണ് രാഹുലിനെ വടകര മണ്ഡലത്തിൻ്റെ ചുമതല ഏൽപിച്ചതെന്ന് നേതൃത്വം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 പാർലമെൻ്റ് നിയോജകമണ്ഡലങ്ങളുടെ ചുമതല പ്രമുഖ നേതാക്കൾക്ക് എഐസിസി നൽകിയിരുന്നു. ഇതിനു പുറമേയാണ് കെപിസിസി 20 ഭാരവാഹികളെ കൂടി നിയോഗിച്ചത്.
പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ വരവേൽക്കാനായി രാഹുൽ മാങ്കൂട്ടത്തിലും വടകരയിൽ എത്തിയിരുന്നു.