ബെംഗളൂരുവില്‍ സുഹൃത്തിന്റെ വസതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്ഖെയ്ക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധിയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബെംഗളൂരുവിലെ വസതിയില്‍ എത്തി.
കേരളത്തിന്റെയും ഇന്ത്യയുടെയും സ്പിരിറ്റിനെ പ്രതിനിധീകരിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി. ഒരു യഥാര്‍ത്ഥ നേതാവായിരുന്നു. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു. എല്ലാക്കാലത്തും അദ്ദേഹം ഓര്‍ക്കപ്പെടും. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ നഷ്ടം താങ്ങാനുള്ള ശക്തി കുടുംബത്തിനുണ്ടാകട്ടെയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അനുശോചിച്ചു.
മ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും.തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
ബെംഗളൂരു ഇന്ദിരാ നഗറില്‍ മന്ത്രി ടി ജോണിന്റെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും കേരളത്തിലേക്ക് പുറപ്പെടുക. തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുക. അതിന് ശേശം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രിലിലും പൊതു ദര്ശനത്തിനുവെയ്ക്കും. തുടര്‍ന്ന് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.
ബുധനാഴ്ച രാവിലെ വിലാപ യാത്രയോടെ കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി പള്ളിയില്‍ വെച്ച് സംസ്കാര ചടങ്ങുകള്‍ നടക്കും.
കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകന് ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ മുന്‍നിരയില്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ ഇടം. ഏത് സാധാരണക്കാരനും പ്രാപ്യനായ നേതാവായിരുന്നു ഓ.സി എന്ന ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയായ കാലത്ത് ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അപൂര്‍വമായ ഒരു ജനകീയ ഇടപെടലായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഈ പരിപാടിക്ക് പിന്നെ കിട്ടി. നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ അരനൂറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടി ഏറ്റവും സീനിയര്‍ ആയ നിയമസഭാ സാമജികന്‍ കൂടിയായിരുന്നു.