ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ്പ് ഫേക്ക് വലിയ വെല്ലുവളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഒരു പാട്ട് പാടുന്ന തരത്തിലുള്ള ഒരു ഡീപ് ഫേക്ക് വീഡിയോ കാണാന്‍ ഇടയായെന്നും മോദി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ ദീവാലി മിലന് പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് താന്‍ ഗര്‍ഭ നൃത്തിന്റെ പാട്ട് പാടുന്ന തരത്തിലുള്ള വീഡിയോ നിര്‍മിച്ചത്. താന്‍ ഇതുവരെ അത്തരത്തില്‍ പാടിയിട്ടില്ലെന്ന് മോദി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാക്കുന്ന നാശവും മാനനഷ്ടവും വലുതാണ്. എ.ഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ തുടങ്ങിയവരുടെ അശ്ലീല വീഡിയോ എന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിച്ചിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിക്കുന്ന, യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദങ്ങളും നിര്‍മിക്കുന്നതിനെയാണ് ഡീപ് ഫേക്ക് എന്ന് പറയുന്നത്.
