ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളില്‍ ധാരണയായതായി റിപ്പോര്‍ട്ട്. പന്ന്യന്‍ രവീന്ദ്രന്, വി എസ് സുനില്‍കുമാര്‍, ആനി രാജ തുടങ്ങിയവര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃ യോഗത്തില്‍ സീറ്റ് ധാരണയായതായാണ് സൂചന. സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
മുന്‍ എം.പി കൂടിയായ പന്ന്യന്‍ രവീന്ദ്രന് തിരുവനന്തപുരത്ത് നിര്‍ത്താനായിരിക്കും സാധ്യത. ആനി രാജയെ വയനാട്ടിലും വി എസ് സുനില്‍കുമാറിനെ തൃശൂരില്‍ തന്നെ നിര്‍ത്താനുമാണ് സാധ്യത.
കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍ തന്നെയായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുക. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാനായിരിക്കും എല്‍ഡിഎഫ് ശ്രമം. പന്ന്യന്‍ രവീന്ദ്രന് 2004ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയായിരുന്നു. ബിജെപി ദേശീയ നേതാക്കളെ തന്നെ തിരുവനന്തപുരത്ത് ഇറക്കാനും സാധ്യതയുണ്ട്.
തൃശൂരില്‍ വി എസ് സുനില്‍ കുമാറിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നതാണ്. മുന്‍ മന്ത്രി കൂടിയായ വി എസ് സുനില്‍ കുമാറിനെ തന്നെ ഇറക്കുന്നത് ത്രികോണ മത്സരത്തിന് ആക്കം കൂട്ടും. നിലവില്‍ സിറ്റിംഗ് എംഎല്‍എയായ ടി എന്‍ പ്രതാപന് തന്നെയായിരിക്കും കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കുകയെന്നാണ് സൂചന. എന്‍ഡിഎയില്‍ നിന്ന് സുരേഷ് ഗോപി തന്നെയായിരിക്കും മത്സരിക്കുകയെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയായിരിക്കും കോണ്‍ഗ്രസില്‍ നിന്നും വയനാട് മത്സരിക്കുകയെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചിരുന്നത്. എന്നാല്‍ അമേഠിയില്‍ രാഹുലിനെ പരാജയപ്പെടുത്തി സ്മൃതി ഇറാനി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആനി രാജയുടെ പേര് വയനാട്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
അതേസമയം മാവേലിക്കരയില്‍ പുതുമുഖത്തെ ഇറക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. സിപിഐയുടെ യുവജന വിഭാഗത്തിന്റെ നേതാവായ സിഎ അരുണ്‍ കുമാറിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കൃഷി മന്ത്രി പി പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ യുവ നേതാവിനെ ഇറക്കാനാണ് നിലവില്‍ സിപിഐയില്‍ ധാരണ.