ഖത്തർ ലോകകപ്പ് ആവേശത്തിലായതുകൊണ്ട് തന്നെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പൗരന്മാർക്കും താമസക്കാർക്കും അധികൃതർ നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ട്രാഫിക് റഡാറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അമിതവേഗതയിൽ വാഹനമോടിക്കുന്നവരെയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാൻ കഴിവുള്ള റഡാറുകളാണിത്. കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനും ഇതുവഴി സാധിക്കും.
രാജ്യത്തുടനീളമുള്ള തെരുവുകളിലാണ് റഡാറുകൾ സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.