നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി ബി.കോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല ഇക്കാര്യം പരിശോധിച്ചുവെന്നും നിഖില്‍ തോമസിനെതിരെ നിയമ നടപടി എടുക്കുമെന്നും രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു.
അതേസമയം നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്എഫ്ഐ നടത്തിയ പരിശോധനയില്‍ വ്യാജമല്ലെന്ന് വ്യക്തമായെന്നുമാണ് ആര്‍ഷോ പറഞ്ഞത്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേര്‍ന്നുവെന്നാണ് നിഖില്‍ തോമസിനെതിരായ ആരോപണം. നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയിരുന്നു നിഖില്‍. 2017-20 കാലഘട്ടത്തിലാണ് ബി.കോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റു പോയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിഖില്‍ ഇതേ കോളേജില്‍ പിജിക്ക് അഡ്മിഷന് എടുക്കുകയായിരുന്നു. ഇതിനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമുണ്ടായതിനെ തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കിയിരുന്നു.