ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് ഉത്തരവിറക്കിയത്.
അമിരി ദിവാനിൽ വച്ച് നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
അതേസമയം നിലവിലെ പ്രധാനമന്ത്രിയായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. 2020 ജനുവരി 28 നായിരുന്നു ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഖത്തറിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കൂടാതെ ആഭ്യന്തര മന്ത്രി പദവിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.