പിറന്നാൾ ദിനത്തിൽ നിറപുഞ്ചിരിയുമായി സ്കൂളിലേക്ക് പോയ മിൻസ മടങ്ങിയെത്തിയത് ഏല്ലാവർക്കും കണ്ണീർ വേദനയായാണ്. നാലു വയസുകാരി മിൻസയുടെ വിയോഗം ഖത്തറിലെ പ്രവാസലോകത്തെയാകെ ദുഖത്തിലാഴ്ത്തി. പ്രിയപ്പെട്ട മകളുടെ വേർപാടിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാതാപിതാക്കൾ. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.
ഖത്തറിലെ അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബിനെ (4) സ്കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടക്കുകയായിരുന്നു. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തില്‍ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുശോചിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്രൈവറുടെ അശ്രദ്ധക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.