ഖത്തറിൽ ലോകകപ്പ് ആരവം ഉയരാൻ ഇനി ആറ് നാൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിലേക്ക് ഒഴുകിയെത്തുകയാണ്. ആരാധകർക്കായി റാസ് അബു ഫോണ്ടാസ് ഫ്രീസോണിലെ ഫാൻ വില്ലേജ് സജ്ജമാണ്. 4,600 ഹൗസിങ് കാബിനുകൾ അടക്കം എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയുമാണ് വില്ലേജ് തയാറായത്. കളിസ്ഥലങ്ങളും റസ്റ്ററന്റുകളും വിനോദ, കായിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് ഫാൻ വില്ലേജ്. ഫാൻ വില്ലേജിൽ എസി, നോൺ എസി കാബിനുകളുമുണ്ട്. എൻസ്യൂട്ട് ബാത്ത്റൂമുള്ള ഇരട്ട കിടപ്പുമുറികൾ അതിഥികൾക്ക് തിരഞ്ഞെടുക്കാം. ഓരോ കാബിനിലും ചായയും കാപ്പിയും തയാറാക്കുന്നതിനുള്ള സൗകര്യങ്ങൾ, റഫ്രിജറേറ്റർ, ബെഡ്ഷീറ്റുകൾ, ബാത്ത് ടവലുകൾ എന്നിവയുമുണ്ടാകും.
വൈവിധ്യമാർന്ന ഭക്ഷ്യ രുചികൾ പരിചയപ്പെടുത്തുന്ന നിരവധി ഭക്ഷ്യകേന്ദ്രങ്ങളാണ് വില്ലേജിന്റെ മറ്റൊരു പ്രത്യേകത. മത്സരങ്ങൾ തൽസമയം കാണാൻ കൂറ്റൻ എൽഇഡി സ്ക്രീൻ, ഫിറ്റ്നസ് സെന്റർ, ജിംനേഷ്യം, ടെന്നീസ് കോർട്ട്, ഫുട്ബോൾ ഗ്രൗണ്ടുകൾ, ബാസ്കറ്റ്ബോൾ, വോളിബോൾ കോർട്ടുകൾ എന്നിവയടക്കമുള്ള കളിസ്ഥലങ്ങളും വിനോദ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ 24/7 ഫ്രണ്ട് ഡസ്ക്ക്, 24/7 റിസപ്ഷൻ, ചെക്ക് ഇൻ, ചെക്ക് ഔട്ട് സൗകര്യങ്ങൾ, കൺവീനിയൻസ് സ്റ്റോർ, ഫസ്റ്റ് എയ്ഡ് കിറ്റ് സേവനങ്ങളും ലഭ്യമാണ്. റാസ് ബു ഫോണ്ടാസിന് പുറമെ അൽവക്ര, ലുസെയ്ൽ സിറ്റി നോർത്തിലെ സഫറാൻ, അൽ റയാനിലെ റൗദത്ത് അൽ ജഹാനിയ എന്നിവിടങ്ങളിലാണ് മറ്റ് ഫാൻ വില്ലേജുകൾ. ഈ മാസം 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിലേക്ക് 12 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്.