ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം അതീവ ഗുരുതരമാണെന്ന് അമേരിക്ക. അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു.

കാനഡയുടെ ആരോപണങ്ങള്‍ അമേരിക്ക തള്ളിക്കളഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സത്യമല്ല. ഞങ്ങള്‍ വിഷയത്തില്‍ ആശങ്കാകുലരാണ്. ഇന്ത്യ എല്ലാ തരത്തിലും സഹകരിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാനഡ ഇതേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇതില്‍ ഇടപെടില്ല. എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണം. രണ്ട് രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും കിര്‍ബി ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം ഇന്ത്യ-കാനഡ ബന്ധത്തെ തന്നെ ഉലച്ചു കളയുന്നതായിരുന്നു. ഈ വര്‍ഷം ജൂണിലാണ് ഖലിസ്ഥാനി വിഘടനവാദിയും കനേഡിയന്‍ പൗരന് കൂടിയായ ഹര്‍ദീപ് സിങ് നിജ്ജാര്‍ മരിക്കുന്നത്. ഇതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സിക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം.
കാനഡയുടെ എല്ലാ ആരോപണങ്ങളും ഇന്ത്യ നിരസിച്ചു. ഹര്‍ദീപ് സിങിന്റെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിഡ്ഢിത്തമാണെന്നും ഗൂഢോദ്ദേശ്യം വെച്ചുള്ളതാണെന്നുമാണ് ഇന്ത്യ മറുമടി നല്‍കിയത്.
