ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം വേണമെന്ന നിർദ്ദേശവുമായി വ്യവസായ – വാണിജ്യ മന്ത്രാലയം. ഈ സേവനത്തിന് അധിക പണം ഈടാക്കരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കുറഞ്ഞ പണം കൂടുതൽ സുരക്ഷ എന്നതാണ് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാം വാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.
ബാങ്ക് കാർഡ്, ബാങ്ക് പേയ്മെന്റ് വാലറ്റ്, ക്യൂ ആർ കോഡ് എന്നിങ്ങനെ മൂന്ന് രീതികളിലാണ് ഇലക്ട്രോണിക് പേയ്മെന്റ്. ഇതിൽ ഏതെങ്കിലും ഒരു രീതിയിലുള്ള സേവനമെങ്കിലും വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കുവേണ്ടി ഒരുക്കണം. ഇതിലൂടെ കള്ളനോട്ട് പ്രശ്നങ്ങൾ ഇല്ലാതാക്കാനും മോഷണം കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ സ്ഥാപനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം ഖത്തർ സെൻട്രൽ ബാങ്കിൽ പേയ്മെന്റ് സെറ്റിൽമെന്റ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ബാങ്ക് അറിയിച്ചിരുന്നു.