റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ ജയിൽ മോചനം ഉടനെയുണ്ടാകുമെന്ന് വിവരം. ജയിൽ മോചനത്തിനുള്ള സങ്കീർണമായ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ്സുമായാവും അബ്ദുൽ റഹീം ജയിലിൽ നിന്നും പുറത്തേക്ക് ഇറങ്ങുക. ജയിൽ മോചിതനായാൽ ഉടൻ റഹീമിനെ നാട്ടിലേക്ക് കയറ്റി വിടാനാണ് റിയാദിലെ സാമൂഹ്യപ്രവർത്തകരുടെ പദ്ധതി.
ദയാധനം നൽകി കേസ് ഒത്തുതീർപ്പാക്കിയതിന് പിന്നാലെ കോടതി ഇടപെട്ട് റഹീമിൻ്റെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടർന്ന് ജയിൽ മോചനത്തിനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു. ശേഷം കോടതിയിലും ഗവർണറേറ്റ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവിടങ്ങളിലുമുള്ള നടപടികളും പൂർത്തിയാക്കി. ജയിൽ മോചന ഉത്തരവ് ഇതിനോടകം അധികാരികൾ തയ്യാറാക്കിയെന്നാണ് സൂചന. റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ജയിൽ മോചിതനാവുക എന്ന കടമ്പ മാത്രമാണ് ഇനി ബാക്കി.
റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബ്ദുൽ റഹ്മാൻ സഹായസമിതിയാണ് അഭിഭാഷകരും ഉദ്യോഗസ്ഥരുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് മോചനത്തിനുള്ള വഴിയൊരുക്കിയത്. ഭിന്നശേഷിക്കാരനായ സൌദ്ദി ബാലൻ്റെ മരണത്തെ തുടർന്നാണ് അബ്ദുൽ റഹീം കൊലക്കേസ് പ്രതിയായി ജയിലിലായത്.