പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്നും ജെയ്ക് സി. തോമസ് തോല്‍വിയില്‍ ഹാട്രിക്ക് നേടുമെന്നും എം.പി കെ. മുരളീധരന്. പുതുപ്പള്ളിയില്‍ സി.പി.എം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘ മത്സരങ്ങള്‍ വ്യക്തികള്‍ തമ്മില്‍ അല്ലല്ലോ. ആശയങ്ങള്‍ തമ്മിലല്ലേ. പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേര് കിട്ടും. അതിന് ആശംസകള്‍ നേരുന്നു,’ എന്നാണ് കെ മുരളീധരന് പറഞ്ഞത്.
ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും നല്‍കിയെന്നും എല്‍.ഡിഎഫിന് മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. പുച്ഛത്തോടെ ജനം അത് തള്ളുമെന്നും കെ മുരളീധരന് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്തു ചാടി മറുപടി പറയാന്‍ കഴിയില്ലെന്ന് മുരളീധരന് പറഞ്ഞു. ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍ നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്. ഈ വിവാദം അതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും കെ മുരളീധരന് പറഞ്ഞു.
അതേസമയം ഇത് പുതിയ തെരഞ്ഞെടുപ്പ് ആണെന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു.