സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കാനുള്ള ബില്ലില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവച്ചു. കടുവകള്‍, സിംഹങ്ങള്‍, പുലികൾ തുടങ്ങിയ ജീവികളുടെ ഉടമസ്ഥാവകാശം മൃഗശാലകള്‍, ഏജന്‍സികള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തും. ബിഗ് ക്യാറ്റ് പബ്ലിക് സേഫ്റ്റി ആക്ട് എന്ന പേരിലാണ് ബില്ല്.
ജനങ്ങളും സിംഹങ്ങളും കടുവകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളെയും ചൂഷണങ്ങളെയും നിയന്ത്രിക്കാനാണ് ഈ ബില്ലിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത്. അതേസമയം നെറ്റ്ഫ്ലിക്സില്‍ ഹിറ്റായി മാറിയ ടൈഗര്‍ കിംഗ് എന്ന ഡോക്യുമെന്ററിയാണ് ഈ നിയമനിര്‍മാണത്തിന് പിന്നിലെന്നാണ് സൂചന. സ്വകാര്യ മൃഗശാല ഉടമകള്‍ നടത്തുന്ന ചൂഷണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററിയാണ് ടൈഗര്‍ കിംഗ്.
വന്യമൃഗങ്ങളുടെ ഉടമകളായിട്ടുള്ളവരെ നിലവില്‍ കര്‍ശന നിയമനടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മൃഗങ്ങളെ ഉടമകള്‍ കൃത്യമായി യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിർദേശം നൽകി. എന്നാൽ ബില്ല് സ്വാഗതാര്‍ഹമാണെന്നും മൃഗങ്ങള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഇന്‍ ഡിഫന്‍സ് ഓഫ് അനിമല്‍സ് എന്ന അഭിഭാഷക കൂട്ടായ്മ പ്രസ്താവനയിലൂടെ അറിയിച്ചു.