ന്യൂഡൽഹി:വിദേശ രാജ്യങ്ങൾക്ക് സഹായമായി വിദേശകാര്യ മന്ത്രാലയം 5,483 കോടി രൂപ അനുവദിച്ചു, കഴിഞ്ഞ വർഷത്തെ 4,883 കോടി രൂപയേക്കാൾ കൂടുതലാണ് ഇത്. ഇന്ന് ധനകാര്യമന്ത്രി അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വിദേശകാര്യ മന്ത്രാലയത്തിനായി മൊത്തത്തിൽ അനുവദിച്ചത് 20,516 കോടി രൂപയാണ്.
‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യയുടെ വിദേശ നയത്തിൻ്റെ ചുവട് പിടിച്ച് അയൽരാജ്യങ്ങൾക്ക് ലഭിക്കുന്നത് വലിയ സഹായമാണ്. മൊത്തം പദ്ധതി തുകയുടെ 64 ശതമാനമായ 4,320 കോടി രൂപ അയൽരാജ്യങ്ങളിൽ ജലവൈദ്യുത നിലയങ്ങൾ, വൈദ്യുതി ലൈനുകൾ, ഭവന നിർമ്മാണം, റോഡുകൾ, പാലങ്ങൾ, സംയോജിത ചെക്ക് പോസ്റ്റുകൾ തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്.
2025-26 ൽ 2,150 കോടി രൂപ അനുവദിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിൽ നിന്നും കൂടുതൽ വിദേശ സഹായം സ്വീകരിക്കുന്ന രാജ്യമായി തുടരും. കഴിഞ്ഞ വർഷത്തെ 2,068 കോടി രൂപയിൽ നിന്നും ചെറിയ വർധനവ് ഇക്കുറി ഭൂട്ടാനുള്ള സഹായത്തിൽ വരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ജലവൈദ്യുത പദ്ധതികൾ, സാമ്പത്തിക സഹകരണം എന്നിവയ്ക്കാണ് ധനസഹായം നൽകുന്നത്.
മാലിദ്വീപിനുള്ള ഇന്ത്യയുടെ വിഹിതം 400 കോടിയിൽ നിന്ന് 600 കോടി രൂപയായി ഉയർത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അദ്ദേഹത്തിന്റെ ചൈന അനുകൂല നിലപാടിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് ശേഷം മാലി ദ്വീപുമായി അടക്കുവാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2024 ന്റെ തുടക്കത്തിൽ, ഇന്ത്യ മാലിദ്വീപിൽ നിന്ന് സൈനികരെ പിൻവലിച്ചു. ഇപ്പോൾ, മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ ഈ മാസം ആദ്യം ഇന്ത്യ സന്ദർശിച്ചതോടെ, സഹകരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
അഫ്ഗാനിസ്ഥാന്റെ സഹായ വിഹിതം കഴിഞ്ഞ വർഷത്തെ 200 കോടി രൂപയിൽ നിന്ന് 2025-26 ൽ 100 കോടി രൂപയായി കുറഞ്ഞു. രണ്ട് വർഷം മുമ്പ് അനുവദിച്ച 207 കോടി രൂപയിൽ നിന്നും കുത്തനെ ഇടിവാണിത്. താലിബാൻ സർക്കാരുമായുള്ള ഇടപാടുകളിൽ ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ട്, മാനുഷിക സഹായത്തിലും സാമ്പത്തിക സഹകരണത്തിലും ഇടപെടൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഈ വർഷം ആദ്യം, മുതിർന്ന നയതന്ത്രജ്ഞൻ വിക്രം മിസ്രി ദുബായിൽ താലിബാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാബൂൾ ഏറ്റെടുത്തതിനു ശേഷമുള്ള ഇന്ത്യ അഫ്ഗാനുമായി നടത്തുന്ന നിർണായക നയതന്ത്ര ഇടപെടലായിരുന്നു ഇത്. അഫ്ഗാനുമായുള്ള വ്യാപാരത്തെയും ഇറാനിലെ ചബഹാർ തുറമുഖത്തോടുള്ള ഇന്ത്യയുടെ താൽപ്പര്യത്തെയും ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ. പാകിസ്ഥാനെ മറികടക്കുന്ന നിർണായക ബദൽ വ്യാപാര മാർഗമായി പ്രവർത്തിക്കുന്ന ഇറാന്റെ ചബഹാർ തുറമുഖം ഇന്ത്യയ്ക്ക് വലിയ താത്പര്യമുള്ള പദ്ധതിയാണ്. അതേസമയം താലിബാനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള വിഹിതം 100 കോടി രൂപയായി തുടരുന്നു.
അഭ്യന്തര കലാപം തുടരുന്ന മ്യാൻമറിന്റെ വിഹിതം 2024-25 ബജറ്റിലെ 250 കോടി രൂപയിൽ നിന്ന് 2025-26 വർഷത്തേക്ക് 350 കോടി രൂപയായി വർദ്ധിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മ്യാൻമാറിലെ പല പ്രവിശ്യകളുടേയും നിയന്ത്രണം വംശീയ സായുധ ഗ്രൂപ്പുകൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.
നേപ്പാളിനുള്ള ഇന്ത്യയുടെ വിഹിതം 700 കോടി രൂപയായി നിലനിർത്തി. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്കുള്ള വിഹിതം 245 കോടിയിൽ നിന്ന് 300 കോടി രൂപയായി ഉയർത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കഴിഞ്ഞ വർഷം പുറത്താക്കിയതിനെത്തുടർന്ന് നയതന്ത്രബന്ധം വഷളായെങ്കിലും ബംഗ്ലാദേശിനുള്ള സഹായം കഴിഞ്ഞ വർഷത്തെ 120 കോടി രൂപയായി ഇക്കുറിയും തുടരും.
ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായം കഴിഞ്ഞ വർഷത്തെ 200 കോടിയിൽ നിന്ന് 225 കോടി രൂപയായി ഉയർന്നു. ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച 2023 ൽ ആഫ്രിക്കൻ യൂണിയൻ ജി 20 യിൽ ചേർന്നിരുന്നു. ലാറ്റിൻ അമേരിക്കയുടെ വിഹിതം 90 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി കുറച്ചു.
ദുരന്ത നിവാരണ വിഹിതം 2024-25ലെ 10 കോടി രൂപയിൽ നിന്ന് ഈ വർഷം 64 കോടി രൂപയായി വൻതോതിൽ വർദ്ധിച്ചു. ആഗോള ദുരന്ത നിവാരണ സംരംഭങ്ങളോട് ഇന്ത്യ എപ്പോഴും പ്രതികരിച്ചിട്ടുണ്ട്. 2023-ൽ തുർക്കിയിൽ വിനാശകരമായ ഭൂകമ്പങ്ങൾ ഉണ്ടായപ്പോൾ ആദ്യം സഹായമെത്തിച്ചവരിൽ ഇന്ത്യയും ഉൾപ്പെടുന്നു. 2024-ൽ ലാവോസ്, വിയറ്റ്നാം തുടങ്ങിയ വെള്ളപ്പൊക്ക ബാധിത രാജ്യങ്ങൾക്കും ഇന്ത്യ ദുരിതാശ്വാസ സഹായം അയച്ചു.
നേരിട്ടുള്ള സാമ്പത്തിക സഹായത്തിന് പുറമേ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന് (ICCR) കഴിഞ്ഞ വർഷം 331 കോടി രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറി 351 കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര പരിശീലന പരിപാടികൾക്കുള്ള പിന്തുണ 1,247 കോടി രൂപയായി ഉയർത്തി.