തിരുവനന്തപുരം: ഡിഎംകെയുടെ ഷാൾ അണിഞ്ഞും ചുവപ്പ് തോർത്ത് കൈയ്യിൽ പിടിച്ചും പി വി അൻവർ നിയമസഭയിലെത്തി.രക്തസാക്ഷികളുടെയും തൊഴിലാളികളുടെയും പ്രതീകമാണ് ഇവയെന്ന് അൻവർ പ്രതികരിച്ചു.നിയമസഭയിൽ എത്തും മുൻപ് മാധ്യമങ്ങളെ കണ്ട പി വി അൻവർ മുഖ്യമന്ത്രിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ജുഡീഷ്യൽ അന്വേഷണം വേണം. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. സ്വർണക്കടത്തിൽ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല.
സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവർണറെ കണ്ട് പൊലീസിൽ വിശ്വാസമില്ലെന്ന് അറിയിച്ചുവെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.സ്പീക്കർക്കെതിരെയും പി വി അൻവർ രംഗത്തെത്തി. 45 ഓളം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചരിത്രത്തിൽ ആദ്യമായി വെട്ടിയ സ്പീക്കർ കവല ചട്ടമ്പിയുടെ റോളിലാണ് പ്രവർത്തിക്കുന്നതെന്ന് അൻവർ പറഞ്ഞു. സ്പീക്കർ ചെയ്യേണ്ട പണിയല്ല അത്. പരസ്യകമ്പനിയോ പി ആർ ഏജൻസിയോ ചെയ്യേണ്ട പണിയാണ് ഇതെന്നും അൻവർ വിമർശിച്ചു.