പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം പിറന്നാൾ. വിപുലമായ ആഘോഷപരിപാടികളാണ് ബിജെപി നേതാക്കളും അണികളും രാജ്യത്തുടനീളം ആവിഷ്കരിച്ചിരിക്കുന്നത്. ഗുജറാത്തിൽ മോദിയുടെ മുഖാകൃതിയിൽ 72,000 ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം. കൂടാതെ 72 മരങ്ങൾ നടാനും 72 കുപ്പി രക്തദാനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഡൽഹിയിൽ മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് വിജയ് ഗോയൽ എംപി പദ്ധതിയിട്ടിരിക്കുന്നത്. രാജീവ് ചൗകിലെ മെട്രോ സ്റ്റേഷനിൽ മോദിക്കായി ആശംസ അറിയിക്കാൻ പൊതുജനങ്ങൾക്കുവേണ്ടി ‘വോൾ ഓഫ് ഗ്രീറ്റിംഗ്സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ആർദോർ 2.1 എന്ന ഹോട്ടൽ പത്ത് ദിവസത്തേക്ക് 56 ഇഞ്ച് വരുന്ന താലി അവതരിപ്പിച്ചുകൊണ്ടാണ് മോദിയുടെ പിറന്നാൾ ആഘോഷമാക്കുന്നത്. 2,600 രൂപ വിലവരുന്ന ഒരു താലിയിൽ 56 ഇനം വ്യത്യസ്ത ഭക്ഷണങ്ങളായിരിക്കും ഉണ്ടാവുക.
തമിഴ്നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയിൽ ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം സമ്മാനമായി വിതരണം ചെയ്യുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച 1,200 വിശിഷ്ട വസ്തുക്കളുടെ ലേലവും ഇന്ന് നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.