തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നെഞ്ചു വേദനയെ തുടര്‍ന്ന് ബാലാജിയെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സെന്തില്‍ ബാലാജിയെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
ബാലാജിയുടെ അറസ്റ്റില്‍ ദുരൂഹതയുണ്ടെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഡിഎംകെ ആരോപിച്ചു. അറസ്റ്റ്ിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ് രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഔദ്യോഗിക വസതി ഉള്‍പ്പെടെ സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആറ് ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
2013ല്‍ എഐഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ 8 ദിവസം ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു.