വിനാശകരമായ ഭൂകമ്പത്താൽ നാശം വിതച്ച തുർക്കിയിലെ 10 തെക്കൻ പ്രവിശ്യകളിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ ഈ മേഖലകളെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
തുർക്കിയിലെയും സിറിയയിലെയും വിശാലമായ പ്രദേശങ്ങളിൽ തിങ്കളാഴ്ച രണ്ട് വലിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതിൽ മരിച്ചവരുടെ എണ്ണം 5,000 കവിഞ്ഞു. കൂടാതെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചുവെന്നാണ് എർദോഗൻ പറഞ്ഞത്. അടിയന്തരാവസ്ഥ മൂന്ന് മാസം നീണ്ടുനിൽക്കുമെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 14 ന് പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കുന്നതിന് തൊട്ടുമുൻപായിരിക്കും അടിയന്തരാവസ്ഥ അവസാനിക്കുക. സമാനമായ രീതിയിൽ 2016 ജൂലൈയിലും എർദോഗൻ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
തുർക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്പത്തിൽ 5,000 ത്തോളം പേർ മരിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 70 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പം ബാധിച്ച ആളുകളെ താൽക്കാലികമായി പാർപ്പിക്കാൻ പടിഞ്ഞാറ് ടൂറിസം ഹബ്ബായ അന്റാലിയയിൽ ഹോട്ടലുകൾ തുറക്കാൻ തുർക്കി പദ്ധതിയിട്ടിട്ടുണ്ടെന്നും എർദോഗൻ പറഞ്ഞു. തുർക്കിയിൽ മരണസംഖ്യ 3,549 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.