കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരണസംഖ്യ 193 ആയി. 31 പേരെ കാണാതായെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയാണ് അപ്രതീക്ഷിത പ്രളയത്തിലേക്ക് നേപ്പാളിനെ തള്ളി വിട്ടത്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. വ്യാപക മണ്ണിടിച്ചിൽ മൂലം കാഠ്മണ്ഡുവിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടതോടെ തലസ്ഥാനം ഒറ്റപ്പെട്ട നിലയിലാണ്.
കാഠ്മണ്ഡവിലേക്കുള്ള ഹൈവേകളിലും മറ്റു റോഡുകളിലുമായി കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ദൗത്യം തുടരുകയാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ഹെലികോപ്റ്ററുകളും ബോട്ടുകളും ചങ്ങാടങ്ങളും ഇറക്കി നാലായിരത്തോളം പേരെ ഇതിനോടകം സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹൈവേകളിൽ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
കാഠ്മണ്ഡു വിമാനത്താവളത്തിലെ മോണിറ്റർ സ്റ്റേഷനിൽ 240 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 2002 ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. ഈ വർഷം മഴ കാരണമുള്ള ദുരന്തങ്ങളിൽ നേപ്പാളിൽ ആകെ 300 പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാഠ്മണ്ഡുവിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് ഇരുകരകളിലുമുള്ള അനധികൃത ഭൂമികൈയ്യേറ്റവും കെട്ടിടനിർമ്മാണവും പ്രളയം രൂക്ഷമാവാൻ കാരണമായെന്ന വിമർശനം ശക്തമാണ്. വൃഷ്ടി പ്രദേശങ്ങൾ നഷ്ടപ്പെട്ടതോടെ നദി കരകവിഞ്ഞൊഴുകിയത് പ്രളയത്തിൻ്റെ ഭീകരത കൂട്ടി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൺസൂൺ കാലത്ത് ദക്ഷിണേഷ്യയിൽ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണെന്ന്
കാലാവസ്ഥാ വിദഗ്ദരും നിരീക്ഷിക്കുന്നു.