കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ ആണ് മരിച്ചത്. 41 വയസായിരുന്നു. കുവൈത്ത് ഫർവാനിയയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു മഹമൂദ് അഫ്ഷാൻ. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്. മക്കൾ: ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ: അനീല, അനൂഷ.
രണ്ട് ദിവസം മുൻപ് മസ്കത്തിലും ബഹ്റനിലുമായി രണ്ട് പ്രവാസി മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കെ.വി ബഷീറാണ് മസ്കത്ത് റുവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. 52 വയസ്സായിരുന്നു. ഒമാനിൽ കോഫീ ഷോപ്പ് നടത്തി വരികയായിരുന്നു ബഷീർ. മസ്കത്ത് കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു ബഷീർ.
ആലപ്പുഴ സ്വദേശിയും ബഹ്റെനിലെ മിൽമ ഗ്രയിൻസ് ജീവനക്കാരനുമായ ചാക്കോ തോമസാണ് ഹൃദയാഘാതം മൂലം മരിച്ച രണ്ടാമത്തെ പ്രവാസി. . 55 വയസ്സായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചാക്കോ തോമസിനെ ഒപ്പമുള്ളവർ സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചാക്കോ തോമസ് ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിയായിരുന്നു.