ദുബായ്: ഇനിയും വിസ നിയമലംഘകരായി യുഎഇയിൽ തുടരുന്ന വിദേശികൾ,എത്രയും വേഗത്തിൽ തന്നെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് അറിയിച്ചു.അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെയാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.
യുഎഇ സർക്കാരിന്റെ പൊതുമാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതിന് മുൻപ് നിയമപരമായ തുടർച്ച ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു
സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമം വിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകളാണ് പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത് .ഒക്ടോബർ 31ന് ശേഷം പൊതുമാപ്പ് അനുപയോഗം ചെയ്തു രാജ്യത്ത് തുടർന്നുവെങ്കിൽ വലിയ രീതിയിലുള്ള ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു
പൊതുമാപ്പ് നടപടികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബായിലുള്ളത്. എമിറേറ്റിലെ 86 അമർ സെന്ററുകളിലും അൽ അവീറിലെ നിയമ ലംഘകരുടെ സെറ്റിൽമെന്റ് പരിഹാരകേന്ദ്രത്തിലും സർവീസ് ലഭ്യമാണ്. മുൻകാല വിസ ദുബായ് ആണെങ്കിൽ അവർ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ (എമിറേറ്റ്സ് ഐ ഡി ഇല്ലാത്തവർ) അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലേക്കാണ് അത്തരം ആളുകൾ പോകേണ്ടത്. ഇവിടെ നിന്ന് ആദ്യം അവരുടെ ബയോമെട്രിക് രേഖകൾ നൽകണം. പിന്നീട് അവിടെ തന്നെയുള്ള അമർ കേന്ദ്രത്തിൽ പോയി ഔട്ട്പാസിന് അപേക്ഷ നൽകാം .എന്നാൽ എമിറേറ്റ്സ് ഐഡി കൈവശമുള്ള ആളുകൾ നേരിട്ട് ദുബായിലെ അമർ കേന്ദ്രങ്ങളിൽ പോയി എക്സിറ്റ് പാസിറ്റ് അപേക്ഷിക്കാം.അതിനൊപ്പം വിസ നിയമലംഘകരായി കഴിയുന്നവർക്ക് രാജ്യത്ത് വീണ്ടും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ ഒരു ജോലി കണ്ടത്തി,വർക്ക് പെർമിറ്റ് നേടി അമർ കേന്ദ്രങ്ങളിൽ പോയി പുതിയ വിസക്ക് അപേക്ഷിക്കാം.പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു