സിനിമയിലെത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ആരാധക വൃന്ദം സൃഷ്ടിക്കുകയും ചെയ്ത താര പുത്രനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് യാത്രകളിലൂടെ തന്നെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. 2018 ഇൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ആദിയിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. പ്രണവ് മോഹൻലാലിന്റെ ഒരു യാത്രാ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായി.
സ്പെയിനിൽ നിന്നുള്ള ചിത്രമാണിതെന്നാണ് സൂചന. പ്രണവ് തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ദിവസങ്ങൾക്ക് മുൻപ് സ്പെയിനിൽ നിന്നുള്ള മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു. പഴക്കം ചെന്ന ഒരു വലിയ കെട്ടിടത്തിന് മുന്നിലുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങുന്ന പ്രണവാണ് ചിത്രത്തിലുള്ളത്. ക്യാപ്ഷൻ ആയി ഉറങ്ങുന്നത് വ്യക്തമാക്കുന്ന ചിഹ്നവും കാണാം.
ട്രാവൽ ബാഗിൽ തലവെച്ചാണ് പ്രണവിന്റെ സുഖനിദ്ര. തൊപ്പി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. അതേസമയം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വളരെ ലളിതമായ മനുഷ്യൻ എന്നും നൻപകൽ നേരത്തെ മയക്കം എന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ അടുത്ത സമയത്താണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. 1.4 മില്യാൺ ഫോളോവേഴ്സുണ്ട്.