അബുദാബി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. പ്രോട്ടോക്കോൾ മറികടന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായ്യിദ് അൽ നഹ്യാൻ മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിക്ക് യുഎഇ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി വരവേറ്റു. തുടർന്ന് ശൈഖ് മുഹമ്മദ് ബിൻ സായ്യിദ് അൽ നഹ്യാനുമായി മോദി നേരിട്ട് കൂടിക്കാഴ്ച നടത്തി.
നിങ്ങൾ നൽകിയ ഊഷ്മള സ്വീകരണത്തിന് ഞാൻ നന്ദി പറയുന്നു. നിങ്ങളെ കാണാൻ ഇവിടെ വരുമ്പോഴെല്ലാം സ്വന്തം കുടുംബത്തിൽ വന്ന സന്തോഷമാണെനിക്ക്. കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണ നമ്മൾ കണ്ടുമുട്ടി. അതൊരു അപൂർവ്വതയാണ്. നമ്മുടെ ശക്തമായ സൗഹൃദത്തിനുള്ള തെളിവാണത്. എൻ്റെ ക്ഷണം സ്വീകരിച്ച് താങ്കൾ വൈബ്രൻ്റ് ഗുജറാത്ത് ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് എൻ്റെ നാടായ ഗുജറാത്തിൽ വന്നു. അതിനു നിങ്ങളോട് ഞാൻ നന്ദി പറയുന്നു. താങ്കളുടെ സാന്നിധ്യം കാരണം ആ ഉച്ചക്കോടി തന്നെ വലിയ പ്രശസ്തി നേടി – ശൈഖ് മുഹമ്മദ് ബിൻ സായ്യിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി പറഞ്ഞു.
അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത് യുഎഇ സന്ദർശനമാണിത്. രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടെ ദുബായിലും അബുദാബിയിലുമായി നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അബുദാബി സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന അഹ്ലാൻ മോദി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 65000 പേരാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്. നാളെ അബുദാബിയിൽ പണികഴിപ്പിച്ച ഹിന്ദുശിലാക്ഷേത്രത്തിൻ്റെ ഉദ്ഘാടനവും മോദി നിർവഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമർപ്പണ ചടങ്ങ് വൈകിട്ടുമാണ് നടക്കുക. ഈ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് പോകും.