പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സിമൻ്റ് കയറ്റി വന്ന ലോറി കുട്ടികളെ ഇടിച്ച് വൻ അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾ മരണപ്പെട്ടു. മരിച്ചവരെല്ലാം കരിമ്പ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ് ഇർഫാന, മിത, റിദ, ആയിഷ എന്നീ കുട്ടികളാണ് മരിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന കുട്ടികൾക്ക് മേലെ ലോറി മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട സിമൻ്റ് ലോറി കുട്ടികൾക്ക് മേലെ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് വിവരം.
മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ലോറിയ്ക്ക് അടിയിൽ നാല് പേരും തൽക്ഷണം മരിച്ചുവെന്നാണ് വിവരം. ലോറിക്കടിയിൽ നിന്നും ഒരു കുട്ടിയെ രക്ഷപ്പെടുത്താൻ നാട്ടുകാർക്കും പൊലീസിനും സാധിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. മേഖലയിൽ അപകടങ്ങൾ സ്ഥിരമാണെന്നും മഴ കഴിഞ്ഞാൽ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
കുട്ടികളുടെ മേലേക്ക് പതിച്ച ലോറി നിലവിൽ പൊക്കിയെടുത്തിട്ടുണ്ട്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്. ലോറിയിലുണ്ടായിരുന്ന സിമൻ്റ് ചാക്കുകളെല്ലാം അപകടസ്ഥലത്ത് ചിതറി തെറിച്ചു കിടക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്