ആടുജീവിതം ഏറ്റവും വലിയ മലയാള സിനിമയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങും പൂർണമായും കഴിഞ്ഞുവെന്നും പൃഥ്വിരാജ്. 2023 കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് എഡിറ്റോറിയലിനോട് പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ:
“ആടുജീവിതം മലയാളസിനിമയിലെ ഏറ്റവും വലിയ ഉദ്യമമാണ്. ആടുജീവിതം ഷൂട്ടിങ്ങും എഡിറ്റിങ്ങും പൂർണമായും കഴിഞ്ഞു. വിഎഫ്എക്സ്, എ ആർ റഹ്മാന്റെ മ്യൂസിക് വർക്കും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2023 കാൻ ഫിലിം ഫെസ്റ്റിവലിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് ബ്ലെസ്സിയുടെയും എന്റെയും ആഗ്രഹം. എമ്പുരാന്റെ ഇന്ത്യയിലെ ചിത്രീകരണം
അടുത്ത വർഷം പൂർത്തിയാകും.
ഹോളിവുഡ് സിനിമ സംസ്കാരം തകർന്നുകൊണ്ടിരിക്കുകയാണ്. സൂപ്പർ ഹീറോ ഫ്രാഞ്ചൈസിസാണ് ഇതിന്റെ കാരണം. താരമൂല്യം അനുസരിച്ചാണ് സിനിമ ബിസിനസ് നടക്കുന്നത്. അത് ഒരിക്കലും ഇല്ലാതാവുന്നില്ല. മലയാളത്തിലെത്തു പോലെ ഹോളിവുഡിലും അതുണ്ട്.
ഓരോ സിനിമയും എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് കൃത്യമായി കണ്ടെത്താൻ സാധിച്ചിരുന്നുവെങ്കിൽ ഒരു സിനിമയും പരാജയപ്പെടില്ലല്ലോ. അത് കൃത്യമായി അളക്കാൻ അസാധ്യമാണ്. ഡോൾഡ് പരാജയപ്പെടാനുള്ള കാരണവും കൃത്യമായി പറയാൻ കഴിയില്ല. വിജയവും പരാജയവും ഒരുപോലെ കാണേണ്ടതാണ്. വരാനിരിക്കുന്ന കാപ്പ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരുപോലെയാണ്. വിജയങ്ങളുടെ ലഹരിയിലും പരാജയങ്ങളുടെ ആഴങ്ങളിലും പെട്ടുപോകാൻ വളരെ എളുപ്പമാണ്. രണ്ടിനേയും ഒരുപോലെ കാണുക എന്നതാണ് പ്രധാനം.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ഷാരൂഖാൻ നന്നായി മലയാളം പഠിച്ചിട്ട് മംഗലശ്ശേരി നീലകണ്ഠനായി അഭിനയിച്ചാൽ നമ്മൾ സ്വീകരിക്കുമോ? സ്വാഭാവികമായും ഏത് താരം വേറെ ഭാഷയിൽ അഭിനയിച്ചാലും സ്വീകാര്യതയിൽ ആ വ്യത്യാസം ഉണ്ടായിരിക്കും. കാരണം, സൂപ്പർ താരങ്ങളുടെ ഹിന്ദി സിനിമകൾ കാണാത്ത മലയാളികൾ ഉണ്ടാവില്ല. അപ്പോൾ അവർ മലയാളം പറയുമ്പോ സ്വാഭാവികമായും അകൽച്ച ഉണ്ടാവും”