ഗാസ: ഇസ്രയേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യദിനമായ വെള്ളിയാഴ്ച 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു. ഇസ്രയേലി പൗരൻമാരായ സ്ത്രീകളും കുട്ടികളും ഇസ്രയേലിൽ ജോലി ചെയ്യുകയായിരുന്ന തായ്ലൻഡ് വംശജ്ഞരായ ഫാം തൊഴിലാളികളേയുമാണ് ഹമാസ് ആദ്യം വിട്ടയച്ചത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള സന്ധി കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലുകളിൽ തടവിലായിരുന്ന 39 സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ഖത്തർ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു.
ഏഴ് ആഴ്ച നീണ്ട പോരാട്ടത്തിന് ശേഷമാണ് ഗാസയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് തയ്യാറായത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് ഗാസയിൽ ബന്ദികളാക്കിയ 24 പേരെ ഹമാസ് റെഡ് ക്രോസ്സിന് വിട്ടു നൽകിയത്. റെഡ് ക്രോസ്സ് സംഘം ഇവരെ ഇസ്രയേലിലേക്ക് കൊണ്ടു പോയി.