ഫുട്ബോൾ ആവേശത്തിന് എന്നും മുന്നിൽ മലപ്പുറത്തെ ജനങ്ങൾ തന്നെയാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. മലപ്പുറത്തുകാർക്ക് കാൽപ്പന്തുകളിയോടുള്ള അടങ്ങാത്ത സ്നേഹം ലോകം മുഴുവനും അറിയാവുന്ന സത്യവുമാണ്. അത്തരത്തിൽ മലപ്പുറത്ത് നിന്നുള്ള ഫുട്ബോൾ ആവേശം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പോർച്ചുഗലിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം. കൊണ്ടോട്ടി ഇ എം ഇ എ കോളജിൽ നടന്ന ലോകകപ്പ് ഫാൻസ് ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോർച്ചുഗലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇടംപിടിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗലിനെയും നെഞ്ചിലേറ്റുന്ന ആരാധകർക്ക് ഇതിൽ പരം എന്ത് വേണമെന്നാണ് കോളജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം സന്തോഷം പങ്കുവച്ചുകൊണ്ട് പറയുന്നത്. ആവേശത്തോടെയും നിറഞ്ഞ സ്നേഹത്തോടെയും കോളജ് കോമ്പൗണ്ടിൽ നിറഞ്ഞാടുമ്പോൾ ഇവർ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു സർപ്രൈസ്.
പോർച്ചുഗൽ ഫാമിലി കേരള എന്ന ഇൻസ്റ്റാഗ്രാം പേജ് ആണ് ആദ്യം കോളജിൽ നിന്നുള്ള വിഡിയോ പങ്കുവച്ചിരുന്നത്. പിന്നീടാണ് ഈ വിഡിയോ പോർച്ചുഗൽ ടീമിന്റെ ഔദ്യോഗിക ടീം ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയയായി പങ്കുവച്ചത്. അതേസമയം തങ്ങളുടെ ഇഷ്ട താരങ്ങൾ വിഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർഥികളും.