അധികാരമേറ്റ് മൂന്നു മാസം തികഞ്ഞതിനു പിന്നാലെ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചതായി റിപ്പോർട്ട്. പാർലമെന്റുമായുള്ള പൊരുത്തക്കേടാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ധനമന്ത്രി ഉള്‍പ്പടെയുള്ള കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. തിങ്കളാഴ്ച അമീറിന് മുമ്പാകെ പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
അമീർ രാജി അംഗീകരിക്കുന്ന മുറക്കാകും തീരുമാനം പ്രാബല്യത്തിൽ വരിക. പൊതുതെരഞ്ഞെടുപ്പിനെ തുടർന്നു ഒക്ടോബർ 17നാണ് കുവൈറ്റിൽ മന്ത്രിസഭ ചുമതലയേറ്റത്.