കൊച്ചി: ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തു. നടനെ നോട്ടീസ് നൽകി വിളിച്ചു വരുത്തിയ പൊലീസ് വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്
ഷൈനിനെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ 27,29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗത്തിനും, ലഹരി ഉപയോഗത്തിന് ഗൂഢാലോചന നടത്തിയതിനും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് നിലവിൽ ഷൈൻ ടോമിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലഹരി ഇടപാടുകാരനെ പിന്തുടർന്ന് എത്തിയ ഡാൻസാഫ് സംഘമാണ് ഷൈൻ താമസിച്ച ഹോട്ടലിലേക്ക് എത്തിയത്. ഇവിടെ വച്ച് ലഹരിക്കടത്തുകാരൻ ഷൈനിൻ്റെ റൂമിൽ പോയി എന്ന സംശയത്തെ തുടർന്നാണ് ആ മുറിയിലേക്ക് ഡാൻസാഫ് ടീം എത്തിയത്.
ഡാൻസാഫ് സംഘം തേടി എത്തിയ മുഖ്യലഹരി ഇടപാടുകാരനെ അറിയാമെന്ന് ചോദ്യം ചെയ്യല്ലിൽ ഷൈൻ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗിച്ചിരുന്നതായി നടൻ സമ്മതിച്ചതായും സൂചനയുണ്ട്. വൈദ്യപരിശോധനയ്ക്കായി നടനെ ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും എന്നാണ് വിവരം. ലഹരി ഉപയോഗത്തിന് ഷൈനിനെതിരെ വ്യക്തമായ തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.
ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേരിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന് രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്കി. പൊലീസിന്റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറയുന്നു.