മലപ്പുറം: വ്ലോഗർ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇന്നലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനാണ് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ചത്. വ്ലോഗർ തൊപ്പി കട ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ കടയുമടകൾ നൽകിയ പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതോടെ തൊപ്പിയെ കാണാനായി യുവാക്കളും കുട്ടികളുമടക്കം നൂറുകണക്കിന് പേരെത്തി. ഇതോടെ ഈ പ്രദേശത്ത് ഗതാഗതതടസ്സമുണ്ടായി.
ഇതിനിടെ തൊപ്പി എത്തിയാൽ തടയുമെന്ന് വ്യക്തമാക്കി ഒരു വിഭാഗം നാട്ടുകാരും രംഗത്ത് എത്തി. ഇവരെ കൂടി നിന്നവർ കൂക്കുവിളിച്ചതും പ്രകോപനത്തിന് കാരണമായി. ഇതോടെ പൊലീസ് സ്ഥലത്ത് എത്തുകയും ഉദ്ഘാടനം മാറ്റിവയ്ക്കാൻ കടയുടമകളോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് ഗതാഗതതടസ്സം സൃഷ്ടിച്ചതിന് കടയുടമകൾക്കെതിരെ കേസെടുത്തത്. നിഹാദിനോട് തിരികെ പോകാൻ പൊലീസ് ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാൾ തിരിച്ചു പോകുകയും ചെയ്തു.