കോഴിക്കോട് വെച്ച് ട്രെയിനില്‍ വനിതാ ടി.ടി.ഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം.
ട്രെയിന്‍ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിലെത്തിയപ്പോഴാണ് സംഭവം. സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്. പ്രായമുള്ള ആളല്ലേ ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞപ്പോഴാണ് അടിച്ചതെന്ന് ടി.ടി.ഇ പറയുന്നു.
72 വയസുള്ള യാത്രക്കാരനോട് ആദ്യം മാറിയിരിക്കാന്‍ പറഞ്ഞിട്ടും അയാള്‍ മാറിയിരുന്നില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ടി.ടി.ഇയുടെ മുഖത്തടിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റുയാത്രക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി.ടി.ഇയെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് ഇറങ്ങി പോവുകയുമായിരുന്നു.
ടിടിഇയെ മര്‍ദ്ദിച്ച ശേഷം മറ്റൊരു കോച്ചില്‍ കയറി ഇരുന്ന പ്രതിയെ അവിടെ വെച്ച് മറ്റു യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ വനിതാ ടിടിഇയുടെ മുഖത്ത് പരിക്ക് പറ്റിയിട്ടുണ്ട്. അടിയേറ്റ് തന്റെ കണ്ണട തെറിച്ചു പോയെന്നും അവര്‍ പറഞ്ഞു.