കോഴിക്കോട്: മുക്കത്ത് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയനാട് കല്പറ്റയിൽ നിന്ന് കാർ മോഷ്ടിച്ച പ്രതി അർഷാദിനെ പിടികൂടാൻ കാരശ്ശേരി വലിയപറമ്പിലെത്തിയ പൊലിസിന് നേരെയാണ് ആക്രമണം നടന്നത്.
പ്രതിയായ അർഷാദിനെ വീട്ടിൽ നിന്നും പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോൾ ആണ് അപ്രതീക്ഷിതമായി പ്രതിയുടെ മാതാവ് ഖദീജ ആക്രമിച്ചതെന്ന് കൽപറ്റ എസ്.എച്ച്.ഒ ബിജു ആൻ്റണി പറഞ്ഞു .പൊലീസുകാരെ ആദ്യം വെട്ടിയത് ഖദീജയാണ്, പിന്നാലെ അർഷാദും വെട്ടി. അക്രമണത്തിൽ പതറിയെങ്കിലും ജീവൻ പണയം വച്ച് ഇരുവരേയും പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിനെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
അർഷാദും മാതാവും സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാർ പറയുന്നത്. അർഷാദ് അടുത്തുള്ള സ്ത്രീകളെ ശല്യം ചെയ്യുമായിരുന്നുവെനന്നും ഖദീജ അയൽപക്കത്തെ സ്ത്രീകളുമായി നിരന്തരം കലഹമുണ്ടാക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നുമാണ് വിവരം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് പൊലീസ് സംഘത്തിന് വെട്ടേറ്റത്.
വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരടങ്ങുന്ന പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയതെങ്കിലും വിപിൻ എന്ന പൊലിസുകാരൻ കുറച്ച് ദൂരെ നിന്നതിനാൽ അദ്ദേഹത്തിന് വെട്ടേറ്റില്ല. രണ്ടുപേരുടെയും കൈയിലാണ് പരിക്കേറ്റത്. വെട്ടേറ്റ പോലീസുകാരെ ആദ്യം മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നൗഫലിന്റെ പരിക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും എസ്എച്ച്ഒ അറിയിച്ചു.