വേനലവധിക്ക് ശേഷം യുഎഇയിൽ സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പിസിആര്‍ ടെസ്റ്റ് നിർബന്ധമാക്കി. ഇതിനായി ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോം ടെസ്റ്റിംഗ് സേവനങ്ങൾ എന്നിവിടങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് RT-PCR ടെസ്റ്റ് സേവനങ്ങൾ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. 40 ദിർഹം വരെയുള്ള കുറഞ്ഞ തുകയ്ക്ക് ഇവിടെ ടെസ്റ്റുകൾ നടത്താനാകും.
12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ മറ്റ് ജീവനക്കാര്‍ക്കും പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് 96 മണിക്കൂറിനുളളില്‍ എടുത്ത പിസിആർ പരിശോധന ഫലം നിർബന്ധമാണ്. രോഗലക്ഷണമുളള വിദ്യാർത്ഥികളും അധ്യാപകരും വീട്ടിൽ തന്നെ തുടരുകയോ പരിശോധന നടത്തുകയോ ചെയ്യണമെന്നാണ് നോളജ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപദേശം. ആരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രത്യേക യോഗ്യതാ പട്ടികയില്‍പ്പെട്ട യുഎഇയിലെ താമസക്കാർക്ക് ഏഴ് എമിറേറ്റുകളിലും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) കേന്ദ്രങ്ങൾ വഴിയും സൗജന്യമായി പിസിആർ ടെസ്റ്റ് നടത്താം. സേവനം മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉറപ്പാക്കണം. ദുബായിലെ ഇറാനിയൻ ആശുപത്രി, സെഹ കോവിഡ്-19 സ്ക്രീനിംഗ് സെന്ററുകൾ, എൻഎംസി മെഡിക്കൽ സെന്റർ, ലൈഫ്ലൈൻ മോഡേൺ ഫാമിലി ക്ലിനിക് തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പിസിആര്‍ പരിശോധനാഫലം ലഭ്യമാണ്.
അബുദാബി, ദുബായി എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളില്‍ പുതിയ നിര്‍ദ്ദേശം ലഭിക്കുംവരെ പഴയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ തുടരേണ്ടതാണെന്ന് സ്കൂൾ എസ്റ്റാബ്ളിഷ്മെന്റ് അതോറിറ്റിയുടെ നിർദേശമുണ്ട്.