എമിറേറ്റിലെ എല്ലാ പാർക്കിംഗ് പേയ്മെന്റ് മെഷീനുകളിലും 5 ജി സംവിധാനം ഏർപ്പെടുത്താൻ അബുദാബി. ഇതിന്റെ ഭാഗമായി പാർക്കിംഗ് ടിക്കറ്റുകൾ കടലാസ് രഹിതമാക്കുവാനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അബുദാബി നഗര, ഗതാഗത വകുപ്പിന് കീഴിലെ സംയോജിത ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
സെൻട്രൽ പാർക്കിംഗ് മാനേജ്മെന്റ് സംവിധാനങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയതാണ് പാർക്കിംഗ് പേയ്മെന്റ് മെഷീനുകൾ. അപ്ഗ്രേഡ് ചെയ്തിട്ടുള്ള മെഷീനുകളിൽ നിന്ന് ഇ – ടിക്കറ്റുകളാണ് ലഭിക്കുക. എന്നാൽ 5 ജി സംവിധാനം ഏർപ്പെടുത്തുന്നതോട് കൂടി ഈ രീതി ഇല്ലാതാവും. പകരം ഡിജിറ്റൽ സ്ക്രീനിലൂടെ ഏതാനും ചെറിയ നടപടികൾ മാത്രം പൂർത്തിയാക്കിയാൽ ഉപഭോക്താവിന് പാർക്കിംഗ് ടിക്കറ്റ് ഡിജിറ്റലായി ലഭിക്കും.
വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ, പാർക്കിംഗ് കാറ്റഗറി, പാർക്കിംഗ് സമയം, മവാഖിഫ് കാർഡ് , ക്യാഷ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് തുടങ്ങിയവയിൽ ഏതാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. ഈ വർഷം അവസാനത്തോടുകൂടി നടപടികൾ പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു