ശക്തമായ മഴ മൂലം പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ സിന്ധിലെ ഒരു ദശലക്ഷത്തിലധികം ജനങ്ങൾക്ക് പകർച്ചവ്യാധി പിടിപെട്ടു. സിന്ധിലെ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. 10,79,000 പേർക്ക് അസുഖങ്ങൾ പിടിപെട്ടുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,819 ആസ്ത്മ രോഗികളുടെയും നെഞ്ച് രോഗങ്ങൾ പിടിപ്പെട്ട വിവിധ ആളുകളുടെയും കണക്കുകൾ രേഖപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ തന്നെ 14,339 ത്വക്ക് രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം 15,844പേർക്ക് വയറിളക്കം, 2310 പേർക്ക് മലേറിയ,104 പേർക്ക് ഡെങ്കു വൈറസ്, 13 പേർക്ക് നായയുടെ കടിയേൽക്കുക, നാലു പേർക്ക് പാമ്പ് കടിയേൽക്കുക തുടങ്ങിയ കാര്യങ്ങളും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയതായി പറയുന്നു. 19,179 പേർക്ക് വിവിധ നേത്ര രോഗങ്ങളും പിടിപെട്ടിട്ടുണ്ട്.
പുറത്ത് വിട്ട കണക്കുകൾ പ്രകാരം തട്ടയിൽ 521 മലേറിയ രോഗികളാണ് ഉള്ളത്. ഇവരിൽ 93 പേർ ഇപ്പോൾ ഹൈദരാബാദിൽ ചികിത്സയിലാണ്. ജംഷോറോയിൽ 102 മലേറിയ കേസുകളും ടണ്ടോ അല്ലഹ്യാറിൽ 103 കേസുകളും മാറ്റിയാരിയിൽ 4 കേസുകളും ദാഡുവിൽ 91 മലേറിയ കേസുകളുമാണ് ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദശ ലക്ഷകണക്കിന് ദിർഹവും ടൺ കണക്കിന് ദുരിതാശ്വാസവും യു എ ഇ നൽകിയിരുന്നു. കഴിഞ്ഞ ദിവസം യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പാകിസ്ഥാൻ സന്ദർശിച്ച വേളയിൽ ആഗോളതലത്തിൽ സഹായം ആവശ്യമാണെന്ന് ലോകത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.