കണ്ണൂർ: പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
സ്ഫോടനത്തിൽ പരിക്കേറ്റ ഷെറിൻ്റെ സുഹൃത്ത് വിനീഷാണ് അത്യാസന്ന നിലയിൽ ചികിത്സയിലുള്ളത്. സ്ഫോടനത്തിൽ വിനീഷിന്റെ കൈപ്പത്തി അറ്റുപോയിരുന്നു. ഷെറിനും വി സിപിഎം അനുഭാവികളാണ്. വിനീഷ് പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്.
പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് നിഗമനം. അതിനിടെ, സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. ബോംബ് നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മാത്രമല്ല സ്ഫോടനത്തിൽ മറ്റു രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്നും ഇവരും പരിക്കേറ്റ ചികിത്സയിലുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗികമായി ഒരു സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം ബോംബ് സ്ഫോടനവുമായോ അതിൽ പരിക്കേറ്റവരുമായോ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ പാനൂരിൽ നാളെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താനിരിക്കെയാണ് സ്ഫോടനവും മരണവും സംഭവിച്ചിരിക്കുന്നത്.