ദുബായ്: യുഎഇയിൽ പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങളെ നേരിടാൻ പൂർണസജ്ജമാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ദുരിത ബാധിതരെ സഹായിക്കാനായി സിഎസ്ആർ പദ്ധതികളുടെ ഭാഗമായി യുഎഇയിൽ ഉടനീളം അവശ്യവസ്തുക്കൾ ലുലു വിതരണം ചെയ്യുന്നുണ്ട്. പ്രളയബാധിതരായ ആളുകൾക്ക് പരമാവധി സഹായവും ആശ്വാസം കൊടുക്കാൻ സാധ്യമായ എല്ലാ രീതിയിലും തങ്ങളുടെ ടീം പ്രവർത്തിച്ചു വരികയാണെന്നും ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
ലുലുവിൻ്റെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും എല്ലാ സാധനങ്ങൾക്കും ആവശ്യമായ സ്റ്റോക്കുണ്ട്. ഭക്ഷ്യഉൽപന്നങ്ങൾക്കൊന്നും തന്നെ നിലവിൽ ക്ഷാമമില്ല. നിലവിലെ സാഹചര്യത്തിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാൻ വിതരണക്കാരുമായും കരാറുകാരുമായും തുടർച്ചയായി ഞങ്ങൾ സമ്പർക്കത്തിലാണ്.
എല്ലാ ലുലു സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് അധിക സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളേയും ജീവനക്കാരേയും കസ്റ്റമർ സർവ്വീസിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, സമ്മർദ്ദമോ പരിഭ്രാന്തിയോ ആവശ്യമില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.