എണ്ണ ഉൽപാദനം കുത്തനെ വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങൾ. മേയ് ഒന്ന് മുതൽ ഈ വർഷം അവസാനം വരെയായിരിക്കും നിയന്ത്രണം. രാജ്യാന്തര വിപണിയിൽ എണ്ണയുടെ വില സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഇതനുസരിച്ച് ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യമായ സൗദി പ്രതിദിന ഉൽപാദനത്തിൽ അഞ്ച് ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കും. 1,44,000 ബാരലിന്റെ കുറവ് പ്രതിദിനം വരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്ത് 1,28,000 ബാരലും ഒമാൻ 40,000 ബാരലും ഇറാഖ് 2,11,000 ബാരലും വീതം ഉൽപാദനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അസംസ്കൃത എണ്ണയുടെ വിലസ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ എണ്ണ ഉൽപാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ്, ഇതര രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസം മുതൽ ഈ വർഷം അവസാനം വരെ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചത്.