ദുബായ്: യുദ്ധഭൂമിയായ ഗാസയിൽ ആണവബോംബ് പ്രയോഗിക്കണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യുഎഇ. ആണവ പ്രയോഗത്തിന് ആഹ്വാനം ചെയ്ത ഇസ്രയേൽ പൈതൃക സംരക്ഷണമന്ത്രി അമിചൈ എല്യാഹുവിൻ്റെ പ്രസ്താവനയെ ആണ് യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചത്. മന്ത്രിയുടെ പ്രസ്താവന അപലപീനയവും നാണംകെട്ടതുമാണെന്നും യാതൊരു രീതിയിലും ഇത്തരം പ്രസ്താവനകളെ അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്നതാണ് ഈ പ്രസ്താവനയെന്നും ഗാസയിൽ അടിയന്തര വെടിനിർത്തൽ അത്യാവശ്യമാണെന്നും യുഎഇ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം ഗാസയിലെ മുഴുവൻ ജനങ്ങളും അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റവരുമായി ഈജിപ്ത് അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൂടാതെ ആരോഗ്യപ്രവർത്തകരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചവരെ പാർപ്പിച്ച ഗാസയിലെ സ്കൂളിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇരുപത് പേർ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.